മൊബൈല്‍ നിരോധിച്ചാല്‍!!!!!!!! !((201

MOBILE

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ഒരു കാലമോ?

ദൈവമേ..! എന്ന് സാക്ഷാല്‍ ഇടമറുക് തന്നെ ജീവിച്ചിരുന്നിരുന്നെങ്കില്‍ വിളിച്ചു പോകും. മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ നിരോധിച്ചാല്‍ എന്തായിരിക്കും കേരളീയരുടെ പ്രതികരണം? ഒരു പരിചയക്കാരന്‍ ചേട്ടനോട്  ചോദിച്ചു . ഉത്തരം രസകരമായിരുന്നു.”ലോകം 2012ല്‍ അവസാനിക്കുമെന്ന് പറഞ്ഞാലും മൊബൈല്‍ നിര്‍ത്തലാക്കുമെന്ന് മാത്രം പറയരുത്. ഭാര്യ അറിയാതെയുള്ള വെള്ളമടി പാര്‍ട്ടികളും ചില ചില്ലറ പെണ്‍ സൗഹൃദങ്ങളും ഈ ചെറിയ വില്ലന്റെ കൈയിലാണ്  സുഭദ്രമായി ഞാന്‍ കൊണ്ടു പോകുന്നത്”. ഈ ചേട്ടനെ കേരളത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്ന എല്ലാ ചേട്ടന്മാരുടെയും പ്രതിപുരുഷനായി നമുക്ക് കണക്കാക്കാം.
കേരളത്തിലെ  തെങ്ങ് വെട്ടുകാര്‍, മീന്‍കാരികള്‍, ഭിക്ഷാടകര്‍, കച്ചവടക്കാര്‍, എക്സിക്യുട്ടിവുകള്‍ തുടങ്ങി  സ്കൂള്‍ കുട്ടികള്‍ വരെ അവരുടെ ദിവസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും മൊബൈല്‍ ഫോണ്‍ എന്ന ഈ പുതിയ സാങ്കേതികവിദ്യയിലൂടെയാണ്.  അഞ്ചിലേറെ മലയാളം വാര്‍ത്താചാനലുകള്‍ ദിവസേന നടത്തുന്ന ചര്‍ച്ചകളുടെ പ്രധാന വിഷയം കുറച്ച്‌ കാലത്തേക്കെങ്കിലും മൊബൈലിന്റെ നിരോധനം തന്നെയാവാനാണ് സാധ്യത . പ്രിയതമന്‍ ഓഫീസിലെത്തിയോയെന്നെങ്ങനെയറിയും എന്ന  ചിന്തയില്‍ ആകുലരാകുന്ന വീട്ടമ്മമാര്‍, കാമുകന്‍റെ ഇടതടവില്ലാതെ വരുന്ന എസ് എം എസ്, എം എം എസ് പ്രവാഹമില്ലാതെ എങ്ങനെ ജീവിക്കുമെന്നോര്‍ത്ത്  കണ്ണുനീര്‍പൊഴിക്കുന്ന തരുണീമണികള്‍, ഡബിള്‍സിമും, രണ്ടും മൂന്നും  ഫോണുകളും  വാങ്ങി പല കാമുകിമാരെ പോറ്റുന്ന കാമുകന്മാര്‍, മൊബൈല്‍ എന്ന ഈ ചെറിയ ഉപകരണം കേരളത്തില്‍  മാത്രം വിറ്റ് കോടികള്‍ ഉണ്ടാക്കിയ ഫോണ്‍ കമ്പനി മുതലാളികള്‍ മുതലായവരെല്ലാം ചര്‍ച്ചകളില്‍ അസന്നിഗ്ധം പങ്കെടുക്കുമെന്നത് ഉറപ്പ് .
ദിനംപ്രതി   ലക്ഷങ്ങളുടെ കച്ചവടം ഒരു ഫോണ്‍വിളിയില്‍ ഉറപ്പിക്കുന്ന മുതലാളിമാര്‍ ഈ വാര്‍ത്തക്ക് പ്രാധാന്യം കൊടുക്കാന്‍ സാധ്യത കുറവാണ്. കേരളത്തില്‍ എന്നാണ് നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടുള്ളത്? “അവര്‍ ചോദിക്കാതിരിക്കില്ല .ഇരുചക്ര  വാഹകരുടെ സുരക്ഷയെക്കരുതി സര്‍ക്കാര്‍ ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കിയപ്പോള്‍ പോലീസിനു കൈക്കൂലി കൊടുത്തു ഹെല്‍മെറ്റില്‍ നിന്ന് തലയൂരിയവരാണ് മലയാളികള്‍. അച്ഛനും അമ്മയ്ക്കും ഭാര്യക്കും ഭര്‍ത്താവിനും മക്കള്‍ക്കും മരുമക്കള്‍ക്കും മുന്‍പേ മൊബൈല്‍ ഫോണിനെ പ്രതിഷ്ടിച്ച മലയാളീസമൂഹം മൊബൈല്‍ നിര്‍ത്തലാക്കിയാല്‍ കൈയും കെട്ടി നോക്കി നിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. .സ്വതന്ത്ര ചിന്തകരും സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരുമായ  ചില മലയാളികള്‍  മനസ്സുകൊണ്ടെങ്കിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ബൂര്‍ഷ്വാസി  ഇന്ദിരാ ഗാന്ധിക്ക്  പിന്തുണ പ്രഖ്യാപിക്കുന്ന ഏകനിമിഷമായിരിക്കുമത്. നക്സലേറ്റുകളും തീവ്രവാധികളും  ഇങ്ങനെയാണ്  പിറക്കുന്നതെന്ന വിഷയം കാമ്പസുകളില്‍ ഊക്കം കൊണ്ട ചര്‍ച്ചയായി മാറാന്‍ വെറും നിമിഷങ്ങള്‍ മാത്രം മതിയാകും.
ഏകദേശം പതിനഞ്ച്  വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങളുടെ കലാലയത്തില്‍ മൊബൈല്‍ ഫോണ്‍ എത്തുന്നത്‌ ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. പേജര്‍ എന്ന വില്ലന്‍ ഒന്നെത്തി നോക്കി സാങ്കേതികത ഇഷ്ടപ്പെടുന്നവരുടെ കണ്ണിലുണ്ണിയായി മാറുന്നതിനു മുന്‍പേ മൊബൈല്‍ രംഗപ്രവേശം ചെയ്തു കഴിഞ്ഞു. നിശബ്ദതക്കു ബെല്ലു വച്ചതു പോലെയുള്ള  ചില്‍ ചില്‍ ശബ്ദം ക്ലാസ്സിലിടക്കിടക്ക്  മുഴങ്ങി.  എല്ലാവരുടേയും കണ്ണുകള്‍ ക്ലാസ്സിലെ  ഏക മൊബൈല്‍ഫോണ്‍വാഹകന്റെ മുഖത്തേക്ക് പാഞ്ഞു. അവന്‍ ഒരു ഇളിഭ്യചിരിയോടെ മൊബൈലെടുത്ത് പൊക്കി  മിസ്സിനോട് സോറി പറയുമ്പോള്‍ പെണ്‍കുട്ടികള്‍ ആരാധനയോടെ അവനെ കണ്ണെറിഞ്ഞു, ആണ്‍കുട്ടികള്‍ അസൂയ സഹിക്കാന്‍ വയ്യാതെ “പിന്നെ അവന്‍റെ ഒരു സെല്ല്” എന്ന മട്ടില്‍ വേറെ  എങ്ങോ നോക്കിയിരുന്നു.
പക്ഷേ വളരെച്ചുരുങ്ങിയ കാലയളവില്‍ തന്നെ മൊബൈല്‍ അദ്ഭുതം എന്ന സ്ഥാനത്തു നിന്നു ആവശ്യം എന്ന സ്ഥാനം കൈയ്യടക്കി. ആദ്യമായി കോളേജില്‍ പോകുന്ന മകള്‍ക്ക് പെപ്പര്‍ സ്പ്രേക്കു പകരം മൊബൈല്‍ നല്‍കി അപ്പന്മാര്‍ ആശ്വസിച്ചു “അവള്‍ വിളിപ്പുറത്തുണ്ട്”. ഉള്ളംകൈയില്‍ ലോകം തന്നെ കൊണ്ടുനടക്കാന്‍ പറ്റുന്ന സ്മാര്‍ട്ട്ഫോണുകളായി മൊബൈല്‍ മാറിയപ്പോള്‍ ആവശ്യങ്ങളെക്കാള്‍ അനാവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ മലയാളിക്ക് മടിയില്ലാതായി. ബ്ലാക്ക്ബെറി, ഐഫോണ്‍, ഗ്യാലക്സി, എക്സ്പീരിയ ഇങ്ങനെ ബ്രാണ്ടുകള്‍ നോക്കി വിലയെന്തായാലും വാങ്ങാന്‍ തയാറായ ഉപഭോക്താക്കളായി മാറി മലയാളി. കൈയിലിരിക്കുന്ന ഫോണ്‍ അനുസരിച്ച് മനുഷ്യനു വിലയിടാന്‍ തുടങ്ങിയിട്ടും അധിക കാലമായിട്ടില്ല. ഇങ്ങനെ മൊബൈല്‍ മലയാളിജീവിതത്തിന്റെ അത്യന്താപേക്ഷിക ഘടകമായി വിലസുമ്പോള്‍ ഒരു സുപ്രഭാതത്തില്‍ മോബൈലേ ഇല്ലാതാവുന്നതിനെ കുറിച്ച് ആര്‍ക്കും ചിന്തിക്കാനാവില്ല.
മൊബൈലിന്റെ പേരില്‍ നടത്തിയ 2G സ്കാമുകളും, മറ്റ് ടെലികോം അഴിമതികളും വെറുതേയായി എന്ന തോന്നല്‍ ചില രാഷ്ട്രീയക്കാര്‍ക്കെങ്കിലും ഉണ്ടാവാതിരിക്കില്ല. മൊബൈല്‍ നിര്‍ത്തലാക്കിയാല്‍ രണ്ടു കോടിയിലേറെ വരുന്ന കേരളത്തിലെ മൊബൈല്‍ ഉപഭോക്താക്കളുടെ ഫോണുകള്‍ എവിടെയാണ് നമ്മള്‍ വലിച്ചെറിയുക? ചവറുകള്‍ കൂന കൂടി നടക്കാന്‍ വയ്യാത്ത ഈ സംസ്ഥാനത്ത് മൊബൈല്‍ റേഡിയേഷന്‍ മൂലം ക്യാന്‍സര്‍ വന്നു മരിക്കേണ്ടി വരുന്ന സ്ഥിതിയിലോട്ടാവാം  മൊബൈല്‍ നിരോധനം കൊണ്ടെത്തിക്കുക. മൊബൈല്‍ ഇല്ലാതിരുന്ന കാലത്തും മനുഷ്യന്‍ സുഖമായി ജീവിചിരുന്നില്ലേ? ആ ചോദ്യം എല്ലാ പ്രശ്നങ്ങള്‍കും ഉത്തരമാകുന്നില്ല കാരണം ആവശ്യമാണ് കണ്ടുപിടിത്തങ്ങള്‍ക്ക് വഴിയാകുന്നത്. വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്തും മനുഷ്യന്‍ സഞ്ചരിച്ചിരുന്നു, തീയില്ലാതിരുന്ന കാലത്തും മനുഷ്യന്‍ ഭക്ഷിച്ചിരുന്നു. കാലത്തിനും കാലഘട്ടങ്ങള്‍ക്കുമനുസ്സരിച്ച് മനുഷ്യനു മാറിയേ മതിയാവൂ. ആസ്സാം കലാപത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിച്ച മൊബൈല്‍ അപകട സന്ദര്‍ഭങ്ങളില്‍ രക്ഷാകവചമായി  എത്രയോ തവണ മാറിയിരിക്കുന്നു. എന്തും ആര് എങ്ങനെ അതിനെ ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചാണ് അതിന്‍റെ നന്മയും തിന്മയും തീര്‍ക്കപെടുന്നത്.
വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ സിനിമാനടികള്‍ ആശ്രയിക്കുന്ന  ബിബി (ബ്ലാക്ക്ബെറി) മെസ്സേജിങ്ങ് ഇല്ലാതെ സിനിമാസെറ്റുകള്‍ക്കും സംവിധായകര്‍കും അവര്‍ സ്വസ്ഥത കൊടുക്കുമെന്ന് തോന്നുന്നില്ല.  പ്രഫഷണല്‍ ക്യാമറകളെ വെല്ലുന്ന ഫോട്ടോകളും വിഡിയോകളും എടുത്ത് ഉടന്‍ തന്നെ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ഇടാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ ഫോണുകള്‍ ഇന്നത്തെ യുവതലമുറക്ക്‌ മദ്യവും മയക്കുമരുന്നും പോലെ പ്രിയം. മൊബൈല്‍ നിര്‍ത്തലാക്കുന്നത് കൊണ്ട് കേരളത്തിലെ പ്രശ്നങ്ങള്‍ തീരില്ല മാത്രമല്ല അത് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കാനാണ് സാധ്യത. മൊബൈല്‍ നമ്പര്‍ എവിടെ നിന്നോ സംഘടിപ്പിച്ചു ഒരു ഗള്‍ഫ്കാരന്റെ ഭാര്യയെ സ്ഥിരം വിളിച്ചു ശല്യപെടുത്തിയപോള്‍ ശല്യം 1 എന്ന് പേരിട്ടു ആ നമ്പറില്‍ നിന്നുള്ള കോളുകള്‍ ബ്ലോക്ക്‌ ചെയ്യാന്‍ ആ സ്ത്രീ ധൈര്യം കാണിച്ചു അഥവാ മൊബൈലില്‍ അത് സാധ്യമാണ്  ശല്യം 1 മുതല്‍ 10 വരെയായിട്ടും കുലുങ്ങാത്ത എത്രയോ പേരുണ്ട് ധീര വീര വനിതകളായി നമ്മുടെയിടയില്‍..
കരയില്‍ പിടിച്ചിട്ട മീനിനെ പോലെ മൊബൈല്‍ ഇല്ലാതെ തപ്പിത്തടയുന്ന മലയാളികളെ നോക്കി ചിലരെങ്കിലും “നന്നായിപ്പോയി” എന്ന് പറയാതിരിക്കില്ല. മൊബൈല്‍ നിരോധനം മലയാളികളുടെ മണ്ടത്തരങ്ങള്‍ക്ക് ഒരറുതി വരുത്തുമെന്ന് ഈ  പക്ഷം സമര്‍ദ്ധിക്കും സംശയം വേണ്ട. മൊബൈല്‍ പ്രണയത്തില്‍ കുരുങ്ങി കാമുകനെ കാണാന്‍ പുറപ്പെടുകയും അറുപത്തിയേഴുകാരനെ കണ്ട് തലകറങ്ങി വീഴുകയും ചെയ്ത എംടെക്കുകാരിയുടെ കഥ വാര്‍ത്താമാധ്യമങ്ങള്‍ കൊട്ടിപ്പാടുമ്പോള്‍ എത്രത്തോളം മോബൈലെന്ന ഈ ചെറിയ വസ്തു യുവതലമുറയെ സ്വാധീനിക്കുന്നു എന്ന്  ചിന്തിക്കാതിരിക്കാന്‍ വയ്യ.ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മൊബൈലിനെ അപകടകാരിയായി ചിത്രീകരിക്കുന്നത് ശരിയല്ല.

പകല്‍ ഫെമിനിസം പറഞ്ഞു നടന്ന്‍ സ്ത്രീ സുഹൃത്തുക്കളുടെ മനം കവര്‍ന്നു അവരുടെ സങ്കല്പ  പുരുഷനായി വിലസുകയും രാത്രി ഭാര്യ അറിയാതെ അവരുടെ മൊബൈല്‍ മാന്തി ഇല്ലാത്ത കാമുകനെ സൃഷ്ടിക്കുകയും ചെയ്യുന്ന സംശയരോഗികളുടെ നിദ്രാവിഹീനങ്ങളായ രാവുകള്‍ക്ക്‌ ഒരു വിടപറയലാവും മൊബൈല്‍ നിരോധനം. മൊബൈല്‍ സിന്ട്രോം എന്ന പുതിയ രോഗത്തിന്‍റെ കെണിയില്‍ പെട്ട പലരും നിരാശ ബാധിച്ച് ആത്മഹത്യക്ക് മുതിര്‍ന്നാല്‍ സര്‍ക്കാര്‍ എന്തുത്തരം പറയും? മൊബൈല്‍ ഫോണുകളുടെയും കണക്ഷനുകളുടെയും ബ്രാന്‍ഡ്‌ അമ്ബാസ്സിടര്‍മാരായി തിളങ്ങുന്ന ബോളിവുഡ് നടന്മാരും അവരേക്കാള്‍ ശ്രദ്ധ കവര്‍ന്ന സൂസൂകളും പഗ്ഗുകളും വരെ “ഈ ഐഡിയ ചതിയായിപ്പോയി സര്‍ജി” എന്ന് പറയാതിരിക്കില്ല.

മൊബൈലിനോടുള്ള അഗാധ പ്രണയത്തില്‍ പ്രണയിനിയെപ്പോലും പലപ്പോഴും മറക്കുന്ന കാമുകബോറന്മാരുടെ ഗെയിം കളിക്കൊരു നിരോധനമാണിതെങ്കില്‍ ഇതിനെ പിന്തുണക്കാന്‍ ചില സ്ത്രീകളെങ്കിലും രംഗത്തിറങ്ങാതിരിക്കില്ല. ഉപയോഗ സ്വാതന്ത്ര്യം എന്തിനും വേണമെന്ന്  വിശ്വസിക്കുന്ന ഒരാളെന്ന നിലക്ക് മൊബൈല്‍ നിര്‍ത്തലാക്കുന്നത് ഞാന്‍ അംഗീകരിക്കില്ല ഒരിക്കലും. പക്ഷേ വിലക്കയത്തിന്റെ ഈ കാലത്ത് അനാവശ്യ ഫോണ്‍വിളികളും എസ് എം എസുകളും മൂലം ചിലവാകുന്ന പൈസയുടെ  കണക്കെടുക്കുമ്പോള്‍ “ഇങ്ങനെയൊരു സാധനം വേണ്ടിയിരുന്നില്ല” എന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. മൊബൈല്‍ രംഗത്തിറങ്ങിയതിനു ശേഷമുള്ള വിവാഹേതര ബന്ധങ്ങള്‍, കൗമാരക്കാരുടെ വഴിവിട്ട കൂട്ടുകെട്ടുകള്‍, സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളുടെ അതിപ്രസരം മുതലായവ നിസ്സാരമായി കാണാന്‍ സാധ്യമല്ല എന്നിരുന്നാലും ഇന്നത്തെ ജനതയ്ക്ക് വായുവും വെള്ളവും പോലെ അത്യന്താപേക്ഷികമാണ് മൊബൈല്‍.

അമ്മ എന്നാണ് എനിക്ക് മൊബൈല്‍ വാങ്ങിത്തരുന്നതെന്ന ഏഴ് വയസ്സുകാരന്റെ ചോദ്യത്തില്‍ നിന്ന് വിദഗ്ധമായി ഒഴിവാകുമ്പോഴും കൈയിലിരിക്കുന്ന ഏറ്റവും കൂടിയ ബ്രാണ്ടിന്റെ ഏറ്റവും പുതിയ മോഡല്‍ മോബൈലിലോട്ടു നോക്കി  “ഈശ്വരാ ഇതെങ്ങാന്‍ നിര്‍ത്തലാക്കുമോ?” എന്ന് ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.

Leave a comment