വറ്റുമീ വിഷക്കുപ്പിയില്‍ പുകയുന്നു,
ആത്മനിഷേധത്തിനലപൂണ്ട ലിഖിതങ്ങള്‍..
ആര്‍ക്കും വഴങ്ങാത്ത നിശ്ചലസ്തൂപത്തില്‍,
ആരോ നിഴല്‍കൂത്ത്കെട്ടിയാടിക്കുന്നു.
നീണ്ട പകലിന്‍റെ കുത്തിനോവിക്കും,
തീക്ഷ്ണ ശരങ്ങളായി സൂര്യന്‍റെ കണ്ണുകള്‍.
ഇത്, ലോകത്തിന്‍റെ ആദ്യമോ,അന്ത്യമോ?
അറിയില്ലെനിക്കും നിനക്കും കാലത്തിനും
അലക്കാത്ത മുണ്ടുകള്‍ നിറയുന്നു കൂടയില്‍,
അഗ്നിയില്‍ പിടയുന്നു അലക്കാത്ത മനസ്സുകള്‍.
ഇത്, ജനിമൃതികളുടെ ആദ്യമോ അന്ത്യമോ?
അറിയുന്നു ഞാന്‍ പിന്നെ കാലവും നീയും
അലറിത്തെറിപ്പിച്ച തുപ്പലില്‍ വീണ്ടും,
ഒടുങ്ങാത്ത രോഷത്തിന്‍ ചിത കത്തിയമരുന്നു.
ഇത്, കിനാക്കളുടെ ആദ്യമോ, അന്ത്യമോ?
അറിയില്ലെനിക്കും നിനക്കും കാലത്തിനും
ആരോ കോറിയ ചന്ദ്രന്‍റെ മുഖമിന്നു,
പോറലുകള്‍ വീണയൊരു നീലിച്ച വൃത്തമായി.
ഇത്, ആയുസ്സിന്നാദ്യമോ അന്ത്യമോ?
അറിയില്ലെനിക്കും, നിനക്കും, കാലത്തിനും
ഇടറുന്ന പദമോ, കടലില്‍ കുതിരുന്നു,
മൃതിയില്‍ കേഴുന്നു ഇടറുന്ന ഹൃദയം.
മാറ്റമന്ത്രത്തിന്‍റെ പടഹധ്വനി,
താരാട്ടായ്, ജ്വാലയായ്,ശാന്തിയായി.
ഇത്, താളത്തിന്നാദ്യമോ അന്ത്യമോ?
അറിയില്ലെനിക്കും, നിനക്കും, കാലത്തിനും.
തലകള്‍ വീണുരുളുന്ന രണഭൂമിയില്‍,
പിറക്കുന്നു താന്തമാം ആയുശ്ചരിതങ്ങള്‍… .
ഇനി ഒന്നിനും ആദ്യമില്ലന്ത്യമില്ല,
പറയുന്നു കാലത്തിന്‍ വാഗ്ധോരണികള്‍……..