മയക്കം (2003)

ഞാനിരിക്കും കിനാക്കൂട്ടില്‍ ചില്ലുടഞ്ഞ ജനലരികില്‍
പാതി മറയും ചന്ദ്രനെ കാണവേ,
നിനച്ചു സൂക്ഷിക്കുവാന്‍ പടച്ച ഓര്‍മ്മക്കുറിപ്പുകള്‍
അടച്ചു വച്ചു തനിയേ കിടന്നു ഞാന്‍..
പതിഞ്ഞ കാറ്റിന്‍റെ കാല്‍പെരുമാറ്റമീ
ജനല്‍പ്പാളികളെ കൂട്ടിമുട്ടിക്കവേ,
ഇടയ്ക്കിടയ്ക്ക് ഞെട്ടിയെണീക്കുന്ന
പേടിക്കുരുന്നിനെ വീണ്ടുമുറക്കയായ്.
ഉതിര്‍ന്നു വീഴുന്ന നിലാപ്പാളികളെന്റെ
തണുത്ത കപോലങ്ങളില്‍ വെള്ളി വീശവേ,
ഒളിച്ചിരുന്ന മയില്‍പ്പീലിത്തുണ്ടുകള്‍
അടഞ്ഞ മിഴികളില്‍ സ്വപ്നം വിതയ്ക്കയായ്…

മഴ, ഒരു ഓര്‍മ്മക്കുറിപ്പ്‌

Rain

അനാഥത്വം പടര്‍ന്നു പിടിക്കുന്ന മണ്ണിലേക്ക്  ആടിമാസത്തില്‍ ആടിയുലഞ്ഞ്‌ അവളെത്തി. സ്വപ്നത്തിലെന്ന പോല്‍ അറിയാതെ വന്നു മണ്ണില്‍ തൊട്ടു ഭൂമിയെ ഉണര്‍ത്തി. കാലത്തിന്‍റെ ചേമ്പിലയില്‍ ഉതിര്‍ന്നു വീണു നിലത്തു ചിതറിയ ഓര്‍മത്തുണ്ടുകളെ കൂട്ടിയിണക്കി. മണ്ണിന്‍റെ മണം നാസാരന്ധ്രങ്ങളിലൂടെ നെഞ്ചില്‍ കത്തിയമരുമ്പോള്‍ അവള്‍ പാടുന്നു. പണ്ടെങ്ങോ സ്വപ്നാടനത്തില്‍ കൂട്ടായെത്തിയ രാത്രിമഴയുടെ താരാട്ട്.
തൊടുന്നതെല്ലാം പൊന്നാക്കി ഒരിക്കലൊരു ചിത്രപ്പുറ്റില്‍ ഒളിച്ചു ഒരു നാളീ മഴ പെയ്തിറങ്ങുമ്പോള്‍ കുളിച്ച് ഈറന്‍ ഉടുത്ത് മുടിത്തുമ്പില്‍ നിന്നൊലിച്ചിറങ്ങുന്ന വെള്ളത്തുള്ളിയുമായി ഓടി മറയുന്ന മലയാളിപ്പെണ്‍കൊടിയെ ഓര്‍ത്തു പോകുന്നു. മുറ്റത്ത്‌ തളം കെട്ടിയ വെള്ളവും, ചുമരില്‍ നനുത്ത പായലിന്‍റെ നനവും ഒരു നാളവള്‍ വന്നെത്തി നോക്കിയതിന്‍റെ ബാക്കിപത്രമായി. വയലുകളുടെ പച്ചപ്പില്‍ ഒരു തുള്ളി വീണു ഭൂമിയുടെ ദാഹം ശമിപ്പിച്ചു നീ പിന്തിരിയുമ്പോള്‍ “പോകല്ലേ” എന്ന് ഉറക്കെ കേഴുന്ന എന്നെ നീ കണ്ടില്ലയോ?? എന്‍റെ മാത്രം മഴയേ…