ഓര്‍മ്മ (2002)

Sun

രാത്രി തന്‍ താന്തമാം നിഴല്പ്പാടിലലിയവേ
കിനാവിന്‍റെ വേട്ടയാടലുകള്‍ക്കൊടുവില്‍ ചന്ദ്രന്‍റെ മുഖം കണ്ടുണരവേ,
ഒരൊച്ച മാറ്റൊലി കൊണ്ടു നെഞ്ചില്‍
തകര്‍ന്നടിഞ്ഞവശയായി ചേര്‍ന്നു കിടക്കവേ,
വിരസമാം ചെയ്തികള്‍ക്കന്ത്യം കുറിച്ച്,
തളര്‍ന്നു വരുന്നൊരീ നിശാശലഭങ്ങളേ,
കേള്‍ക്ക, ഇനി നിങ്ങളും കേള്‍ക്ക,
ഇന്നലെകള്‍ തട്ടിയെടുത്തൊരെന്‍ ഇദയത്തിന്‍ വേദന.
യുവത്വം സമ്മാനിച്ച പലായനക്കഥയിലെ,
മനം മടുത്തൊരു നായികയെപ്പോല്‍,
കറുത്തൊരധ്യായത്തിന്‍ നിറം പോയ ഏടുകളില്‍,
പതുങ്ങി നില്‍ക്കുന്നെന്‍ ഭൂതകാലം.
വേരുകള്‍ നല്‍കാത്ത ആത്മാഭിമാനത്തെ,
കീറിമുറിച്ച വിധ്വേക്ഷത്തിന്‍ ഖഢഗങ്ങള്‍,
മുറുകും കുരുക്കുകളായി ഗളത്തില്‍ പടരവേ,
വെറുതേ ഞാനൊന്ന് മന്ദഹസിക്കയായ്.
എനിക്ക് കിട്ടാത്ത സ്നേഹത്തിന്‍ കണികയും,
ഞാന്‍ രസിക്കാത്ത നിലാവിന്‍റെ വെണ്മയും,
വാശി പോല്‍ കിടാങ്ങള്‍ക്കു പകര്‍ന്നു നല്‍കുമ്പോഴും,
നഷ്ടങ്ങള്‍ ദുഖത്തിന്‍ മാറ്റു കൂട്ടുന്നു.
അനശ്വരമെന്നു നിനച്ചു സൂക്ഷിച്ചവ,
നശ്വരമായ് പൊഴിഞ്ഞു വീഴുന്നത്,
കണ്ടിട്ടും അറിയാത്ത ഭാവം നടിക്കവേ
പഴയ സ്മരണകളില്‍ വിള്ളലുകള്‍ വീഴ്കയായ്
ഒരിക്കല്‍ ദൂരത്തെന്നു കരുതി തഴഞ്ഞവര്‍,
തിരിച്ചു വിളിച്ചു സൗഹൃദം ഭാവിക്കവേ,
അകന്നു പോകുവാന്‍ മനം വെമ്പുന്നതെന്തിന്,
അറിയില്ല, പിടികിട്ടാച്ചോദ്യമായി നില്‍ക്കുമെന്‍ മനസ്സിനെ.
തികച്ചും പരുഷമായി മറന്ന ദൈവത്തിനും,
ആട്ടിത്തെളിച്ച വിധിയുടെ പടക്കോപ്പിനും,
മനസ്സിലെങ്ങോ നന്ദി പറഞ്ഞ്,

അകലേക്കായ്‌ ഞാനീ യാത്ര തുടരുമ്പോള്‍..

.

കേള്‍ക്ക നിശാശലഭങ്ങളേ, നിങ്ങളും കേള്‍ക്ക,
അകലെയെങ്ങോ വിതുമ്പിക്കരയുന്നെന്‍,
ബാല്യകാലത്തിന്‍ നേര്‍ത്ത സ്മരണകള്‍!