ഇനി ഞാന്‍ മറക്കട്ടെ (2002)

butterfly on fingeredite

നീ നടന്ന വഴികളിലൂടെ
നീ പറഞ്ഞ കഥകളിലൂടെ
നീ പകര്‍ന്ന ഒരു തുള്ളി മധുവിലൂടെ
ഞാനറിഞ്ഞു അറിയാത്ത വീഥികള്‍
നീ നയിച്ച മരുവിന്‍ ചരുവിലെ
ആളൊഴിഞ്ഞൊരാ നീണ്ട സന്ധ്യയില്‍
ഞാന്‍ നുകര്‍ന്നൊരാ സാന്ദ്രസംഗീതവും
ആ നിലാവിന്‍റെ നേര്‍ത്ത വെളിച്ചവും
നീ മറന്നുവോ എന്‍ പ്രിയ സ്നേഹിതാ?
നീയെനിക്കെന്‍റെ വിഭ്രാന്ത മനസ്സില്‍
വീണ മീട്ടിയ സാന്ത്വനമായതും
നീയെനിക്കെന്‍റെ ആത്മാഭിമാനത്തിന്‍
ഓജസ്സേകിയ ആര്ജ്ജവമായതും
ഞാനറിഞ്ഞു നിന്നെയറിയിച്ചതും
നീ മറന്നുവോയെന്‍ പ്രിയ സ്നേഹിതാ?

ഏതു പ്രസ്ഥാനത്തിന്‍ മുഖംമൂടിയിന്നു നിന്നെ
ചോരയാല്‍ വിരല്‍ കഴുകിക്കുന്നുവോ
ആ മുഖംമൂടി ഒരിക്കലീയെന്നുടെ
നീണ്ട കൈകളില്‍ വലിച്ചെറിഞ്ഞതും
നീ മറന്നുവോ ഇത്ര പെട്ടെന്ന്?

ഇന്ന് നിന്‍റെ നീട്ടുന്ന കരതലം
ഇരുകുഴലുള്ള മരണത്തിന്‍ ഛയയായ്
എന്നെ നോക്കിച്ചിരിയുതിര്‍ക്കുന്നതും
നീയറിയുന്നുവോയെന്‍ പ്രിയ സ്നേഹിതാ?

ഇന്ന് നീ നിനയ്ക്കും നിനവുകള്‍
ആരെയൊക്കെയോ ഭീതിയിലാഴ്ത്തുമ്പോള്‍
ഞാനറിയുന്നു ഇനിയീ ഗ്രാമവും
ഏതോ ചുവപ്പില്‍ കുതിരുവാന്‍ കാക്കുന്നു

എന്‍റെ സ്മരണ തന്‍ ജാലക വാതിലില്‍
ഏതോ വിരലുകള്‍ മുട്ടുന്നതറിയുന്നു
എങ്കിലും ഞാന്‍ തുറക്കില്ലയിനിയത്
എല്ലാം മറക്കാന്‍ സമയമായ് സ്നേഹിതാ…

ആഴമേറിയ സാഗരത്താഴ്ചയില്‍
ഊളിയിട്ടു മറയട്ടെയെന്നേക്കും
ഓടി മറയും കിനാക്കളിലെങ്കിലും
ആ മുഖം ഒന്നു മൂടപ്പെടട്ടെ

ആര്‍ദ്രമാമെന്റെ ഹൃദയത്തിന്‍ കോണിലായ്
ആരുമറിയാതെ സൂക്ഷിച്ചു വച്ചൊരാ
ആത്മനിക്ഷേപം ഇനി ഞാന്‍ മറക്കട്ടെ
നിന്നെയിനി ഞാന്‍ മറക്കട്ടെ

1 thought on “ഇനി ഞാന്‍ മറക്കട്ടെ (2002)

Leave a reply to knowmearjun Cancel reply