ഞാനിരിക്കും കിനാക്കൂട്ടില്‍ ചില്ലുടഞ്ഞ ജനലരികില്‍
പാതി മറയും ചന്ദ്രനെ കാണവേ,
നിനച്ചു സൂക്ഷിക്കുവാന്‍ പടച്ച ഓര്‍മ്മക്കുറിപ്പുകള്‍
അടച്ചു വച്ചു തനിയേ കിടന്നു ഞാന്‍..
പതിഞ്ഞ കാറ്റിന്‍റെ കാല്‍പെരുമാറ്റമീ
ജനല്‍പ്പാളികളെ കൂട്ടിമുട്ടിക്കവേ,
ഇടയ്ക്കിടയ്ക്ക് ഞെട്ടിയെണീക്കുന്ന
പേടിക്കുരുന്നിനെ വീണ്ടുമുറക്കയായ്.
ഉതിര്‍ന്നു വീഴുന്ന നിലാപ്പാളികളെന്റെ
തണുത്ത കപോലങ്ങളില്‍ വെള്ളി വീശവേ,
ഒളിച്ചിരുന്ന മയില്‍പ്പീലിത്തുണ്ടുകള്‍
അടഞ്ഞ മിഴികളില്‍ സ്വപ്നം വിതയ്ക്കയായ്…
Tag Archives: malayalam
ഇനി ഞാന്‍ മറക്കട്ടെ (2002)
നീ നടന്ന വഴികളിലൂടെ
നീ പറഞ്ഞ കഥകളിലൂടെ
നീ പകര്‍ന്ന ഒരു തുള്ളി മധുവിലൂടെ
ഞാനറിഞ്ഞു അറിയാത്ത വീഥികള്‍
നീ നയിച്ച മരുവിന്‍ ചരുവിലെ
ആളൊഴിഞ്ഞൊരാ നീണ്ട സന്ധ്യയില്‍
ഞാന്‍ നുകര്‍ന്നൊരാ സാന്ദ്രസംഗീതവും
ആ നിലാവിന്‍റെ നേര്‍ത്ത വെളിച്ചവും
നീ മറന്നുവോ എന്‍ പ്രിയ സ്നേഹിതാ?
നീയെനിക്കെന്‍റെ വിഭ്രാന്ത മനസ്സില്‍
വീണ മീട്ടിയ സാന്ത്വനമായതും
നീയെനിക്കെന്‍റെ ആത്മാഭിമാനത്തിന്‍
ഓജസ്സേകിയ ആര്ജ്ജവമായതും
ഞാനറിഞ്ഞു നിന്നെയറിയിച്ചതും
നീ മറന്നുവോയെന്‍ പ്രിയ സ്നേഹിതാ?
ഏതു പ്രസ്ഥാനത്തിന്‍ മുഖംമൂടിയിന്നു നിന്നെ
ചോരയാല്‍ വിരല്‍ കഴുകിക്കുന്നുവോ
ആ മുഖംമൂടി ഒരിക്കലീയെന്നുടെ
നീണ്ട കൈകളില്‍ വലിച്ചെറിഞ്ഞതും
നീ മറന്നുവോ ഇത്ര പെട്ടെന്ന്?
ഇന്ന് നിന്‍റെ നീട്ടുന്ന കരതലം
ഇരുകുഴലുള്ള മരണത്തിന്‍ ഛയയായ്
എന്നെ നോക്കിച്ചിരിയുതിര്‍ക്കുന്നതും
നീയറിയുന്നുവോയെന്‍ പ്രിയ സ്നേഹിതാ?
ഇന്ന് നീ നിനയ്ക്കും നിനവുകള്‍
ആരെയൊക്കെയോ ഭീതിയിലാഴ്ത്തുമ്പോള്‍
ഞാനറിയുന്നു ഇനിയീ ഗ്രാമവും
ഏതോ ചുവപ്പില്‍ കുതിരുവാന്‍ കാക്കുന്നു
എന്‍റെ സ്മരണ തന്‍ ജാലക വാതിലില്‍
ഏതോ വിരലുകള്‍ മുട്ടുന്നതറിയുന്നു
എങ്കിലും ഞാന്‍ തുറക്കില്ലയിനിയത്
എല്ലാം മറക്കാന്‍ സമയമായ് സ്നേഹിതാ…
ആഴമേറിയ സാഗരത്താഴ്ചയില്‍
ഊളിയിട്ടു മറയട്ടെയെന്നേക്കും
ഓടി മറയും കിനാക്കളിലെങ്കിലും
ആ മുഖം ഒന്നു മൂടപ്പെടട്ടെ
ആര്‍ദ്രമാമെന്റെ ഹൃദയത്തിന്‍ കോണിലായ്
ആരുമറിയാതെ സൂക്ഷിച്ചു വച്ചൊരാ
ആത്മനിക്ഷേപം ഇനി ഞാന്‍ മറക്കട്ടെ
നിന്നെയിനി ഞാന്‍ മറക്കട്ടെ
കാലം
വറ്റുമീ വിഷക്കുപ്പിയില്‍ പുകയുന്നു,
ആത്മനിഷേധത്തിനലപൂണ്ട ലിഖിതങ്ങള്‍..
ആര്‍ക്കും വഴങ്ങാത്ത നിശ്ചലസ്തൂപത്തില്‍,
ആരോ നിഴല്‍കൂത്ത്കെട്ടിയാടിക്കുന്നു.
നീണ്ട പകലിന്‍റെ കുത്തിനോവിക്കും,
തീക്ഷ്ണ ശരങ്ങളായി സൂര്യന്‍റെ കണ്ണുകള്‍.
ഇത്, ലോകത്തിന്‍റെ ആദ്യമോ,അന്ത്യമോ?
അറിയില്ലെനിക്കും നിനക്കും കാലത്തിനും
അലക്കാത്ത മുണ്ടുകള്‍ നിറയുന്നു കൂടയില്‍,
അഗ്നിയില്‍ പിടയുന്നു അലക്കാത്ത മനസ്സുകള്‍.
ഇത്, ജനിമൃതികളുടെ ആദ്യമോ അന്ത്യമോ?
അറിയുന്നു ഞാന്‍ പിന്നെ കാലവും നീയും
അലറിത്തെറിപ്പിച്ച തുപ്പലില്‍ വീണ്ടും,
ഒടുങ്ങാത്ത രോഷത്തിന്‍ ചിത കത്തിയമരുന്നു.
ഇത്, കിനാക്കളുടെ ആദ്യമോ, അന്ത്യമോ?
അറിയില്ലെനിക്കും നിനക്കും കാലത്തിനും
ആരോ കോറിയ ചന്ദ്രന്‍റെ മുഖമിന്നു,
പോറലുകള്‍ വീണയൊരു നീലിച്ച വൃത്തമായി.
ഇത്, ആയുസ്സിന്നാദ്യമോ അന്ത്യമോ?
അറിയില്ലെനിക്കും, നിനക്കും, കാലത്തിനും
ഇടറുന്ന പദമോ, കടലില്‍ കുതിരുന്നു,
മൃതിയില്‍ കേഴുന്നു ഇടറുന്ന ഹൃദയം.
മാറ്റമന്ത്രത്തിന്‍റെ പടഹധ്വനി,
താരാട്ടായ്, ജ്വാലയായ്,ശാന്തിയായി.
ഇത്, താളത്തിന്നാദ്യമോ അന്ത്യമോ?
അറിയില്ലെനിക്കും, നിനക്കും, കാലത്തിനും.
തലകള്‍ വീണുരുളുന്ന രണഭൂമിയില്‍,
പിറക്കുന്നു താന്തമാം ആയുശ്ചരിതങ്ങള്‍… .
ഇനി ഒന്നിനും ആദ്യമില്ലന്ത്യമില്ല,
പറയുന്നു കാലത്തിന്‍ വാഗ്ധോരണികള്‍……..
ഞാന്‍ (2001)
ഓര്‍മ്മ (2002)
രാത്രി തന്‍ താന്തമാം നിഴല്പ്പാടിലലിയവേ
കിനാവിന്‍റെ വേട്ടയാടലുകള്‍ക്കൊടുവില്‍ ചന്ദ്രന്‍റെ മുഖം കണ്ടുണരവേ,
ഒരൊച്ച മാറ്റൊലി കൊണ്ടു നെഞ്ചില്‍
തകര്‍ന്നടിഞ്ഞവശയായി ചേര്‍ന്നു കിടക്കവേ,
വിരസമാം ചെയ്തികള്‍ക്കന്ത്യം കുറിച്ച്,
തളര്‍ന്നു വരുന്നൊരീ നിശാശലഭങ്ങളേ,
കേള്‍ക്ക, ഇനി നിങ്ങളും കേള്‍ക്ക,
ഇന്നലെകള്‍ തട്ടിയെടുത്തൊരെന്‍ ഇദയത്തിന്‍ വേദന.
യുവത്വം സമ്മാനിച്ച പലായനക്കഥയിലെ,
മനം മടുത്തൊരു നായികയെപ്പോല്‍,
കറുത്തൊരധ്യായത്തിന്‍ നിറം പോയ ഏടുകളില്‍,
പതുങ്ങി നില്‍ക്കുന്നെന്‍ ഭൂതകാലം.
വേരുകള്‍ നല്‍കാത്ത ആത്മാഭിമാനത്തെ,
കീറിമുറിച്ച വിധ്വേക്ഷത്തിന്‍ ഖഢഗങ്ങള്‍,
മുറുകും കുരുക്കുകളായി ഗളത്തില്‍ പടരവേ,
വെറുതേ ഞാനൊന്ന് മന്ദഹസിക്കയായ്.
എനിക്ക് കിട്ടാത്ത സ്നേഹത്തിന്‍ കണികയും,
ഞാന്‍ രസിക്കാത്ത നിലാവിന്‍റെ വെണ്മയും,
വാശി പോല്‍ കിടാങ്ങള്‍ക്കു പകര്‍ന്നു നല്‍കുമ്പോഴും,
നഷ്ടങ്ങള്‍ ദുഖത്തിന്‍ മാറ്റു കൂട്ടുന്നു.
അനശ്വരമെന്നു നിനച്ചു സൂക്ഷിച്ചവ,
നശ്വരമായ് പൊഴിഞ്ഞു വീഴുന്നത്,
കണ്ടിട്ടും അറിയാത്ത ഭാവം നടിക്കവേ
പഴയ സ്മരണകളില്‍ വിള്ളലുകള്‍ വീഴ്കയായ്
ഒരിക്കല്‍ ദൂരത്തെന്നു കരുതി തഴഞ്ഞവര്‍,
തിരിച്ചു വിളിച്ചു സൗഹൃദം ഭാവിക്കവേ,
അകന്നു പോകുവാന്‍ മനം വെമ്പുന്നതെന്തിന്,
അറിയില്ല, പിടികിട്ടാച്ചോദ്യമായി നില്‍ക്കുമെന്‍ മനസ്സിനെ.
തികച്ചും പരുഷമായി മറന്ന ദൈവത്തിനും,
ആട്ടിത്തെളിച്ച വിധിയുടെ പടക്കോപ്പിനും,
മനസ്സിലെങ്ങോ നന്ദി പറഞ്ഞ്,
അകലേക്കായ് ഞാനീ യാത്ര തുടരുമ്പോള്‍..
.
കേള്‍ക്ക നിശാശലഭങ്ങളേ, നിങ്ങളും കേള്‍ക്ക,
അകലെയെങ്ങോ വിതുമ്പിക്കരയുന്നെന്‍,
ബാല്യകാലത്തിന്‍ നേര്‍ത്ത സ്മരണകള്‍!…


